വിവാഹം ഇസ്ലാമില്‍
ഭര്‍ത്താവിന്റെ ബാധ്യതകള്‍
ഭാര്യയുടെ ബാധ്യതകള്‍
സ്ത്രീ ഇസ്ലാമില്‍
വിവാഹ മോചന നിയമങ്ങള്‍
വിവാഹമുക്തയുടെ അവകാശങ്ങള്
വിവാഹ മൂല്യവും സ്ത്രീധനവും
ബഹുഭാര്യത്വം ഇസ്ലാമില്‍
സന്താന പരിപാലനം
 


വിവാഹ മൂല്യവും സ്ത്രീധനവും

ഇസ്ലാം വിവാഹത്തിലൂടെ സ്ത്രീയെ ആദരിക്കുന്നു. അതിനാല്‍ പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹ്ര്‍) നല്‍കണമെന്ന് അത് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നല്‍കാതെയുള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവര്‍ക്കവകാശപ്പെട്ട വിവാഹമൂല്യം നിങ്ങള്‍ നല്‍കുകയാണെങ്കില്‍ നിങ്ങളവരെ വിവാഹം കഴിക്കുന്നതില്‍ കുറ്റമില്ല' (60:10). 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം ചെയ്യുക. അവരുടെ മഹ്ര്‍ ന്യായമായ നിലയില്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക' (4:25).
വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്ലാം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നല്‍കണമെന്ന് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മൂല്യവത്തായ എന്തും മഹ്ര്‍ ആകാവുന്നതാണ്; ഇരുമ്പു മോതിരം മുതല്‍ സ്വര്‍ണത്തിന്റെ കൂമ്പാരം വരെ!
ഒരിക്കല്‍ പ്രവാചകന്റെ അടുക്കല്‍ വന്ന ഒരു സ്ത്രീയെ ഒരാള്‍ വിവാഹാന്വേഷണം നടത്തിയപ്പോള്‍ പ്രവാചകന്‍(സ) അയാളോട് ചോദിച്ചു: 'താങ്കളുടെ അടുക്കല്‍ വിവാഹമൂല്യമായി എന്തുണ്ട്?' അയാള്‍ പറഞ്ഞു: 'എന്റെ ഈ തുണിയല്ലാതെ മറ്റൊന്നുമില്ല.' പ്രവാചകന്‍ പറഞ്ഞു: 'നീ പോയി ഒരു ഇരുമ്പിന്റെ മോതിരമെങ്കിലും ഉണ്േടായെന്ന് പരതുക' (ബുഖാരി, മുസ്ലിം).
ഇസ്ലാം നിശ്ചയിച്ച വിവാഹമൂല്യം ഇന്ന് ഒരു ചടങ്ങ് മാത്രമായി അധഃപതിച്ചിരിക്കുന്നു. പകരം പുരുഷന്‍ സ്ത്രീയില്‍നിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന അനിസ്ലാമിക സമ്പ്രദായമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. മഹ്റിനേക്കാള്‍ എത്രയോ കൂടുതലുള്ള വന്‍തുകകളാണ് സ്ത്രീകളുടെ രക്ഷിതാക്കളില്‍നിന്നും പുരുഷന്‍ സ്ത്രീധനമെന്ന പേരില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തത്ഫലമായി വിവാഹം സങ്കീര്‍ണമായ ഒരു പ്രക്രിയയിത്തീരുകയും സ്ത്രീധനം നല്‍കാന്‍ ശേഷിയില്ലാത്ത യുവതികള്‍ മംഗല്യ സൌഭാഗ്യം നഷ്ടപ്പെട്ട് നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.

   
----------------------------------------------------------------------------------------------------------------------------------------------------
© 2009 Imbkerala.net Calicut .Designed by Cbtech it solutions, Powered by Spark Info Solutions