|
ഭര്‍ത്താവിന്റെ ബാധ്യതകള്‍
കുടുംബ ജീവിതത്തിലെ നായകന്‍ പുരുഷനാണ്. അതിനിണങ്ങിയ ശാരീരിക മാനസിക പ്രകൃതിയോടുകൂടിയാണ് പുരുഷന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: 'പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍നോട്ടക്കാരാണ്. ഒരു വിഭാഗത്തിന് മറുവിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയതുകൊണ്ടും പുരുഷന്മാര്‍ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നതുകൊണ്ടുമത്രെ അത്' (4:34). നേതൃസ്ഥാനമലങ്കരിക്കുന്ന പുരുഷന് ചില ബാധ്യതകളും ഇസ്ലാം ചുമത്തുന്നു. ഇവ ദൈവബോധത്തോടെ നിര്‍വഹിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്.
വിവാഹ മൂല്യം നല്‍കല്‍
പുരുഷന്റെ ബാധ്യതയായി ഖുര്‍ആന്‍ എടുത്തുപറയുന്ന ഒരു കാര്യമാണ് വിവാഹമൂല്യം അഥവാ മഹ്ര്‍. 'സ്ത്രീകളുടെ വിവാഹമൂല്യം മനഃസംതൃപ്തിയോടെ നിങ്ങളവര്‍ക്ക് നല്‍കുക' (4:4). മഹ്ര്‍ നല്‍കാതെയോ നിശ്ചയിക്കാതെയോ ഉള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല.
ജീവിതച്ചെലവ് വഹിക്കല്‍
കുടുംബത്തിന്റെയും ഭാര്യയുടെയും ജീവിതച്ചെലവ് നിര്‍വഹിക്കല്‍ പുരുഷന്റെ ബാധ്യതയാണ്. പുരുഷന് നല്‍കിയ നേതൃസ്ഥാനത്തിന്റെ മറ്റൊരു താല്‍പര്യമാണത്(4:4). ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവര്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു' (2:233). കുടുംബത്തിന് ചെലവിന് കൊടുക്കേണ്ട ബാധ്യതയുള്ള പുരുഷന്‍ അത് നിര്‍വഹിക്കാത്ത പക്ഷം ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ ധനത്തില്‍നിന്ന് ആവശ്യമായത് എടുക്കാവുന്നതാണ്. ആഇശ(റ)യില്‍നിന്ന് നിവേദനം: അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് നബി(സ)യോട് ചോദിച്ചു: 'ദൈവദൂതരേ, അബൂസുഫ്യാന്‍ ലുബ്ധനാണ്. എനിക്കും എന്റെ കുട്ടികള്‍ക്കും ചെലവിന് അയാള്‍ ഒന്നും തരാറില്ല; അയാളറിയാതെ ഞാന്‍ എടുക്കുന്നതൊഴികെ.' പ്രവാചകന്‍(സ) പറഞ്ഞു: 'നിനക്കും നിന്റെ സന്തതികള്‍ക്കും ആവശ്യമായത് ന്യായപ്രകാരം നിനക്ക് എടുക്കാവുന്നതാണ്' (ബുഖാരി, മുസ്ലിം). കുടുംബത്തിന് വേണ്ടി ചെലവ് ചെയ്യാതിരിക്കുന്നത് ഗുരുതരമായ തെറ്റായിട്ടാണ് ഇസ്ലാം കാണുന്നത്. പ്രവാചകന്‍(സ) പറഞ്ഞു: 'താന്‍ ഭക്ഷണം നല്‍കാന്‍ ബാധ്യതയുള്ളവര്‍ക്ക് അത് നല്‍കാതിരിക്കുന്നതു തന്നെ ഒരാള്‍ക്ക് പാപമായിട്ട് ധാരാളം മതി' (അബൂദാവൂദ്).
നല്ല പെരുമാറ്റം
സ്ത്രീകളുടെ പ്രകൃതി അത്യന്തം ലോലമാണ്. ചെറിയ കാര്യങ്ങള്‍പോലും അവരുടെ വികാരത്തെ വ്രണപ്പെടുത്തും. അതിനാല്‍ ഭര്‍ത്താവ് ഭാര്യയോട് അങ്ങേയറ്റം നല്ലരീതിയില്‍ മാത്രമേ ഇടപഴകാന്‍ പാടുള്ളൂ. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ അവരോട് നല്ലരീതിയില്‍ സഹവര്‍ത്തിക്കേണ്ടതാണ്' (4:19). പ്രവാചകന്‍(സ) പ്രസ്താവിച്ചു: 'സ്ത്രീകളോട് നന്നായി പെരുമാറുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍.' മറ്റൊരിക്കല്‍ സ്ത്രീകളുടെ തരള പ്രകൃതിയെ സൂചിപ്പിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: 'പളുങ്കു പാത്രങ്ങളോട് നിങ്ങള്‍ കരുണകാണിക്കുക.'
തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍പോലും സ്ത്രീകളുടെ കാര്യം അവിടുന്ന് പ്രത്യേകം ഉണര്‍ത്തുകയുണ്ടായി: 'അറിയുക, സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. അവര്‍ നിങ്ങളുടെ ആശ്രിതരാണ്. അവരുടെ ശരീരവും നിങ്ങളുടെ സമ്പത്തും സൂക്ഷിക്കുകയെന്നതും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവരില്‍നിന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനില്ല' (തിര്‍മുദി).
ഇസ്ലാമിക ശിക്ഷണം
ഭാര്യക്കും മക്കള്‍ക്കും ഇസ്ലാമിക വിശ്വാസാചാരങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ടതും അവയനുസരിച്ച് ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കേണ്ടതും ഭര്‍ത്താവിന്റെ ബാധ്യതകളില്‍ പെട്ടതാണ്. ഖുര്‍ആന്‍ പറയുന്നു: 'താങ്കളുടെ കുടുംബത്തോട് നമസ്കാരം നിലനിര്‍ത്താന്‍ കല്‍പിക്കുക. അതില്‍ ക്ഷമാപൂര്‍വം ഉറച്ചു നില്‍ക്കുകയും ചെയ്യുക' (20:132). 'സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ഭാര്യാ സന്താനങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകത്തില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക' (66:6). പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളെല്ലാവരും മേല്‍നോട്ടക്കാരാണ്. കീഴിലുള്ളവരെ കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടും. പുരുഷന്‍ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനും തന്റെ കീഴിലുള്ളവരെക്കുറിച്ച് വിചാരണ ചെയ്യപ്പെടുന്നവരുമാണ്' (ബുഖാരി, മുസ്ലിം).
ലൈംഗിക വൃത്തി
ഇബ്നുഹസം പ്രസ്താവിക്കുന്നു: 'തന്റെ ഇണയായ ഭാര്യയുമായി രതിക്രീഡ നടത്തേണ്ടത് ഭര്‍ത്താവിന്റെ നിര്‍ബന്ധ ബാധ്യതകളില്‍ പെട്ടതാണ്. സാധ്യമാകുമെങ്കില്‍ ഓരോ ശുദ്ധിവേളയിലും ഒരു പ്രാവശ്യമെങ്കിലും. അല്ലെങ്കില്‍ അവന്‍ അല്ലാഹുവിങ്കല്‍ കുറ്റക്കാരനാകും.' അല്ലാഹു പറയുന്നു: 'അവള്‍ ശുദ്ധിയായിക്കഴിഞ്ഞാല്‍ അല്ലാഹു അനുശാസിക്കും പടി നിങ്ങളവരെ സമീപിക്കുക' (2:222).
|